2011, മാർച്ച് 20, ഞായറാഴ്‌ച

ക്രെഡിറ്റ് കാര്‍ഡിന്റെ കടക്കെണി


ഹലോ...
കുഡ് ഐ സ്പീക്ക് റ്റു മിസ്റ്റര്‍ മുഹമ്മദ് ഹസന്‍
യെസ്.........സ്പീക്കിങ്ങ്
സര്‍.....ഐ ആം കാളിങ് ഫ്രം.........

തിരിച്ച് എനിക്കെന്തെങ്കിലും പറയാനുള്ള സാവകാശം തരാതെ ഒരു റേഡിയോ പോലെ ടെലഫോണ്‍ റിസീവറിലൂടെ അവന്‍ ഇറങ്ങി വന്നു. അപ്പോള്‍ ഞാന്‍ പ്രലോഭനങ്ങളുടെ മഴ നനയുകയായിരുന്നു.

നഗരത്തിലെ ഏറ്റവും വലിയ ബാങ്കില്‍ നിന്നുമായിരുന്നു ആ ഫോണ്‍ വിളി.

സര്‍, താങ്കള്‍ ക്രെഡിറ്റ് കാര്‍ഡിനര്‍ഹനായിട്ടും എന്തുകൊണ്ടിനിയും വെച്ച് താമസിപ്പിക്കുന്നു.........ഒരെണ്ണം എടുത്തൂടെ...?

ഇത് മറ്റുള്ളവരെപോലെയല്ല..........ലൈഫ് ടൈം ഫ്രീയാണ്. മാത്രമല്ല രണ്ടുമാസത്തിനടുത്ത് വരെ കടത്തിനുള്ള കാലാവധി കിട്ടുകയും ചെയ്യും. അഥവാ ഇന്ന് സാധനം വാങ്ങിയാല്‍ അമ്പത് ദിവസം കഴിഞ്ഞ് അടച്ചു തീര്‍ത്താല്‍ മതി. പണത്തിന്റെ മൂല്യമാലോചിക്കുമ്പോള്‍ തന്നെ എത്രയോ ലാഭം. ....ആലോചിച്ചിട്ടൊന്ന് തീരുമാനിച്ചാല്‍ മതി. ഞാന്‍ നാളെ വിളിക്കാം.

ഒരു കണക്കിന് എലിക്കെണിയില്‍ നിന്നും രക്ഷപ്പെട്ടത് പോലെയായി എനിക്ക്. തേനൊലിപ്പിക്കുന്ന വാക്കുകള്‍ കൊണ്ട് പതപ്പിച്ച് കുളിപ്പിക്കുകയായിരുന്നു. എത്രയോ തവണ കേട്ട സ്ഥിരം വാചകങ്ങളായിരുന്നു ഇന്നും, ഇത്രയും കാലം ഐ ആം നോട്ട് ഇന്‍ട്രസ്റ്റ്ഡ് എന്ന ഒറ്റ വാചകത്തില്‍ തിരിച്ച് മറുപടി കൊടുക്കുകയും പെട്ടന്ന് ഒഴിവാക്കി പോവുകയുമായിരുന്നു പതിവ്. ഇന്നെന്തോ മനസ്സിനെ വല്ലാതെ അലട്ടുന്ന പ്രലോഭനങ്ങളുടെ അമ്ലമഴ. ആലോചനകളുടെ തളിരുകള്‍ മനസ്സിന്റെ ഏതോ ചില കോണില്‍ പൊട്ടി മുളയ്ക്കാന്‍ തുടങ്ങി. ലൈഫ് ടൈം ഫ്രീയാണെങ്കില്‍ പിന്നെ ഇത് എനിക്കായാലെന്താ..... സമയാ സമയത്ത് നേരാം വണ്ണം അടച്ചു തീര്‍ക്കുന്നുവെങ്കില്‍ പിന്നെന്തെല്ലാം ലാഭമാണുള്ളതെന്ന് അവന്‍ പറഞ്ഞത്....ഒരോ പ്രാവശ്യത്തെ ഉപയോഗത്തിനും നറുക്കെടുപ്പിനും സമ്മാനങ്ങളുണ്ടത്രെ. അതും അമ്പതിനായിരം ദിര്‍ഹം. ഇത്രയും സംഖ്യ രൂപയിലേക്ക് കണ്‍വേര്‍ട്ട് ചെയ്ത് മനസ്സിലൊന്നോര്‍ത്ത് നോക്കിയപ്പോള്‍ കണ്ണ് തള്ളിപ്പോയി........കാല്‍ മുതല്‍ അരിച്ചു കയറുന്ന കുളിര്........ശമ്പളം കിട്ടി രണ്ടാഴ്ച കഴിഞ്ഞാല്‍ പിന്നെ ആരോടെങ്കിലും വിളിച്ച് കുറച്ച് കുറെ നല്ല വാക്കുകള്‍ പറയേണ്ടി വരും. കാരണം കടം വാങ്ങാന്‍....... ഇത് ഓരോ മാസത്തിലും മുടങ്ങാത്ത കൃത്യനിഷ്ടതയാണ്. സമയത്ത് തിരിച്ച് കൊടുക്കാറുണ്ടെങ്കിലും ചിലരൊക്കെ ഒരു തരം മടിയോടെയാണ് കടം തരുന്നതെന്ന് ഈയിടെ തോന്നി തുടങ്ങിയിട്ടുണ്ട്. ഒരു ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ പിന്നെ ആരുടെയും മുമ്പില്‍ പോയി തലയും ചൊറിഞ്ഞ് കയ്യും കെട്ടി നില്‍ക്കേണ്ട ഗതികേടുണ്ടാവില്ല....... ആ ബാങ്ക് വാല ഒരിക്കല്‍ കൂടി വിളിച്ചിരുന്നെങ്കില്‍.......... അന്നുതന്നെ പാസ്‌പോര്‍ട്ട് കോപ്പിയും മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ് മെന്റും ഒരു സെക്യൂരിറ്റി ചെക്കും ഒരുക്കി വെച്ചു.

കയ്യില്‍കൊണ്ടു നടക്കാവുന്ന ഒരു കമ്പ്യൂട്ടര്‍ ഒന്ന് സ്വന്തമാക്കണമെന്ന ആഗ്രഹം മനസ്സില്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഓരോ മാസത്തെയും ശമ്പളം ബാങ്കിലെത്തുന്നതിന് മുമ്പ് തന്നെ അതിനെ വീതം വെച്ച് കണക്കുകൂട്ടുമ്പോള്‍ കുറുപ്പിന്റെ ഉറപ്പ് പോലെ ഒരു ഉറച്ച തീരുമാനമെടുക്കും. ഇപ്രാവശ്യത്തേക്ക് വളരെ നിയന്ത്രിച്ച്മാത്രം വിളിക്കുക. അങ്ങനെ ആ ബില്ല് വളരെ കുറച്ച് കണ്ട സന്തോഷത്തില്‍ അടുത്ത മാസം അടിപൊളിയായി വിളിക്കും, അതോടെ കഴിഞ്ഞ മാസത്തെ നിയന്ത്രണം വെള്ളത്തിലാവും. രണ്ടു മൂന്നുമാസം ഈ ചാക്രികത ആവര്‍ത്തിച്ച് വരുമ്പോഴളേക്കും ഫഌറ്റിന്റെ വാടക ചെക്ക് ബാങ്കിലെത്തി എന്നെയും കാത്തിരിപ്പുണ്ടാകും. ഇങ്ങനെയിരിക്കെയാണ് ചിലപ്പോള്‍ നാട്ടില്‍ നിന്നും വല്ല മണിയോര്‍ഡറും വന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നത്. ഇതാണ് സ്വര്‍ണം വിളയുന്ന നാട്ടിലെ ശരാശരി ഗള്‍ഫുകാരന്റെ സ്ഥിതി. പിന്നെങിനെയാണ് ഒരുമിച്ച് ഒരു വലിയ സംഖ്യ കൊടുത്ത് ഖല്‍ബിലെ മുറാദുകള്‍ ആസിലാക്കുന്നത്. (മനസിലെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നത്). ലാപ്‌ടോപ് എന്ന മോഹം കരളില്‍ കൂടുകെട്ടി താമസം തുടങ്ങിയിട്ട് മാസങ്ങളായി. ഇനിയും ശമ്പളം മിച്ചം വെച്ച് വാങ്ങാന്‍ നിന്നാല്‍ കമ്പനിയില്‍ നിന്ന് ഗ്രാറ്റിവിറ്റിയും വാങ്ങി പോകുമ്പോള്‍ മാത്രമേ സംഗതി നടക്കുകയുള്ളൂ. അങ്ങിനെയാണ് ക്രെഡിറ്റ് കാര്‍ഡിന്റെ സൗജന്യം തിരഞ്ഞെടുത്തത്. ഒറ്റയടിക്ക് ആറായിരം ദിര്‍ഹംസ് പോയ വഴി കണ്ടില്ല. അത് വിഹിതങ്ങളായി മാസങ്ങളോളം അടച്ചു. ഒപ്പം ഫൈനാന്‍സ് ചാര്‍ജും, അടക്കാന്‍ മറന്നപ്പോള്‍ ഒരു നിശ്ചിത തുക വീണ്ടും ഫൈന്‍ അടക്കേണ്ടി വന്നു. അടച്ചും അടക്കാതെയും മാസങ്ങള്‍ വര്‍ഷങ്ങളായപ്പോള്‍ ആറായിരത്തിനുവേണ്ടി അടച്ച തുക ഒമ്പതിനോടടുത്ത് വരും. അവസാനം കടക്കെണിയുടെ ചിലന്തി വലയില്‍ നിന്നും രക്ഷപ്പെടാനായി ലാപ്‌ടോപ് വിറ്റപ്പോള്‍ കിട്ടിയതോ ആയിരത്തഞ്ഞൂറ് ഉലുവ. അപ്പോഴാണ് നാം വേദനയോടെ പല വരികളും ആലോചിക്കുന്നത്. കൊക്കിലൊതുങ്ങാവുന്നതേ കൊത്താവൂ. വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതെ മോഹിക്കാനും മോഹം......... വെറുതെ ഒ.എന്‍.വിയോട് സ്‌നേഹം തോന്നുന്നു.

ക്രെഡിറ്റ് കാര്‍ഡ് മാനിയ മനസ്സില്‍ ബാധിച്ചു കഴിഞ്ഞാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. ബാങ്കില്‍ ശമ്പളം വന്നിട്ടു പോലും അത് എടുക്കാന്‍ വിസമ്മതിക്കുന്ന അലസത സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വരെ ക്രെഡിറ്റ്കാര്‍ഡ് കൊടുക്കാന്‍ പ്രേരിപ്പിക്കുന്നു. ചിലര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഒരു അലങ്കാരമാണ്. തിരക്കുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു ചോക്ലേറ്റ് വാങ്ങിയാല്‍ വരെ നാലാളുടെ മുമ്പില്‍വെച്ച് ക്രെഡിറ്റ് കാര്‍ഡ് വരുത്തുന്ന ദുരന്തം പലപ്പോഴും പ്രവചനാതീതമാണ്.

ക്രെഡിറ്റ് കാര്‍ഡ് കയ്യിലുണ്ടാകുമ്പോഴാണ് വെറുതെ ചില തോന്നലുകളെല്ലാം വളരെ അത്യാവശ്യമായി തോന്നുന്നത്. കാര്‍ഡുള്ളപ്പോള്‍ അത് നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഏറെ നിയന്ത്രിക്കാന്‍ പാടു പെടുമ്പോഴായിരിക്കും പ്രലോഭനങ്ങളുടെ നീരാളി പിടുത്തത്തില്‍ കഴുത്ത് ഞെരിഞ്ഞമരുന്നത്. പിന്നെ ആലോചിക്കുന്നത് കഴുത്തറ്റം മുങ്ങിയവനെന്ത് കുളിര് എന്നായിരിക്കും.

ചുരുങ്ങിയ ചിലവില്‍ നാട്ടിലേക്ക് വിളിക്കാം എന്ന അതിമോഹത്തിന്റെ കയ്യും പിടിച്ച് പണ്ടെന്നോ നെറ്റിലൂടെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കിയ ഒരോര്‍മ്മ മനസ്സിലുണ്ട്. പേടിപ്പെടുത്തുന്ന ഒരു പാതിരാ സ്വപ്‌നമായിരുന്നു അത്. മാസത്തെ ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ല് വന്നപ്പോള്‍ അമേരിക്കയിലെ പല നെറ്റ് ഹോസ്റ്റിങ്ങ് കമ്പനികള്‍ക്കും കടക്കാരനായിരുന്നു ഞാന്‍. ഇതെങ്ങിനെ സംഭവിച്ചുവെന്ന് ബാങ്കില്‍ അന്വോഷിച്ചപ്പോള്‍ നിങ്ങള്‍ ഉപയോഗിച്ച് കാണും എന്നായിരുന്നു മറുപടി. ഉള്ളതു പെറുക്കി. ഇല്ലാത്തത് കടം വാങ്ങി അടുത്ത ദിവസം തന്നെ ബാങ്കിലെത്തി ക്രെഡിറ്റ് കാര്‍ഡിന്റെ തേരോട്ടം അവസാനിപ്പിച്ചു.

പലപ്പോഴും ദൂരയാത്രകള്‍ക്ക് ഒരു സഹായിയാണ് ക്രെഡിറ്റ് കാര്‍ഡ്. അന്യ നഗരങ്ങളില്‍ ഒറ്റപ്പെടുമ്പോള്‍ കയ്യില്‍ കാശ് കരുതുന്നതിനെ ഏറെ ഭയപ്പെടുന്ന ഈ കലികാലത്തില്‍ കൂടെ കൊണ്ടുനടക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് ഒരു അനുഗ്രഹമാകും. ജീവിതത്തെ ഗണിത ചിഹ്നങ്ങളില്‍ ഒതുക്കിനിര്‍ത്തി ജീവിക്കുന്നവര്‍ക്ക് ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമുണ്ടാവില്ലെന്നാണ് ബാങ്ക് മാനേജിമെന്റെന്ന് ഞങ്ങള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ജോസഫ് പഠിപ്പിക്കുന്നത്. വീട്ടിലിരുന്ന് തന്നെ നെറ്റിലൂടെ ഫോണ്‍ ബില്ലും, ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലും മറ്റ് ബാങ്ക് ഇടപാടുകളുമൊക്കെ നടക്കുന്നതിന് കാര്‍ഡ് കയ്യിലുണ്ടെങ്കില്‍ എളുപ്പമാകും. ഒരേ നാണയത്തിന്റെ രണ്ടു പുറങ്ങളായ ഗുണവും ദഷങ്ങളുമാണ് ക്രെഡിറ്റ് കാര്‍ഡിന്റ പ്രത്യേകത. ഇഷ്ടം പോലെ കാശുണ്ട്. നല്ല നിലയില്‍ നടക്കുന്ന ഒന്നിലധികം ബിസിനസ്സും അവന്റെ പേരില്‍ തന്നെ. ഒരിക്കല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതിന്റെ ഒരു ബില്ല് പിതാവിന്റെ കയ്യില്‍ കിട്ടിയതായിരുന്നു പ്രശ്‌നം. അവനെ വിളിക്കുകയും ഒപ്പം കരണത്ത് ത്രിശ്ശൂര്‍ പൂരത്തിന്റെ അമിട്ട് പൊട്ടി. അയാള്‍ ചോദിച്ചു. ഈ ക്രെഡിറ്റ് എപ്പഴാ എടുത്തേ...?

ഈ അടുത്ത്......ഒരുമാസമായി....
ഇന്നു തന്നെ ക്യാന്‍സല്‍ ചെയ്യുക..........ഇത് വേണ്ട...........
പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടായിരുന്നില്ല....

എന്റെ കീശയില്‍ പേഴ്‌സിനകത്ത് നിന്നും തലനീട്ടിയ ക്രെഡിറ്റ് കാര്‍ഡ് ഉത്തരമില്ലാത്ത ഒരു ചോദ്യത്തിന്റെ പ്ലേ കാര്‍ഡുമായി മുമ്പില്‍ വന്നു........അപ്പം ഞാന്‍ നില്‍ക്കണോ.......പോണോ..........

ഒരു ഗള്‍ഫ് മൗനം


`കേള്‍ക്കാനൊരിടം മരുഭൂമിയും പറയാനുള്ള വാക്കുകള്‍ നീര്‍ച്ചാലുമാകുമ്പോള്‍ മൗനം തന്നെ ഭേദം`.......

മേരി ജയിലറിന്റെ വരികളും പ്രണയിച്ച്, പ്രാരാബ്ധങ്ങളുടെ പുതപ്പുകളൂരി ദൂരേക്കു വലിച്ചെറിഞ്ഞ്, ഗഡുക്കളായി സ്വപ്‌നങ്ങളും കണ്ടു സുഖസുഷുപ്തിയിലാണ്ടിരിക്കയാണു വോട്ടര്‍ ലിസ്റ്റില്‍ പോലും പേരില്ലാത്ത ഗള്‍ഫുകാര്‍ എന്ന് ഓമനപ്പേരുള്ള കറവപ്പശുക്കള്‍. സദാസമയവും മൗനംപൂണ്ടിരിക്കുന്ന മുഖമാണവന്റെ ഗള്‍ഫ് സമ്പാദ്യം.

അകാരണമായ ഒരു തരം മൗനം ഓരോ ഗള്‍ഫുകാരന്റെ മുഖത്തും വായിച്ചെടുക്കാന്‍ കഴിയും. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ മുഖം തിരിച്ചുകളയുന്ന നിഷേധാത്മക മൗനം. പിറന്ന നാട്ടിലെത്തിയാല്‍ ഏറെ വാചാലരാകുന്നവര്‍പോലും ഇവിടെ മൗനത്തിന്റെ പുറന്തോടിനകത്തേക്കു കടലാമപോലെ സ്വയം ഉള്‍വലിയുകയും കുഴിയാനപോലെ പിറകോട്ടു നടക്കുകയും ചെയ്യുന്നു.

ഗള്‍ഫിലെ പ്രത്യേക സാഹചര്യത്തില്‍ ഇവിടെ കടപ്പാടുകളുടെ കണക്കുകളില്‍ ആര്‍ക്കും താല്‍പര്യമില്ല. അങ്ങനെ വല്ലതുമുണ്ടെങ്കില്‍തന്നെ കഴിയുന്നത്ര വേഗം എല്ലാ കണകകുകളിലും തീര്‍പ്പുണ്ടാക്കി തുരുത്തുകളാവാനും സ്വയം ഒറ്റപ്പെടാനും ഓരോരുത്തരും ആഗ്രഹിക്കുന്നു. `ഞാന്‍` എന്ന ചെറു ദ്വീപ് പോലെ.

അസ്ഥിത്വത്തിന്റെ കാലടികള്‍ക്കിടയിലെ മണ്ണൊലിപ്പാണ് അധികം പേര്‍ക്കും അനുഭവങ്ങളുടെ ഡയറിത്താളില്‍ കുറിക്കാനുള്ളത്. അഞ്ചാറു വര്‍ഷം വിദേശത്തു ജോലിചെയ്ത്, നല്ലൊരു തുക ശമ്പളവും വാങ്ങി ജീവിതാനുഭവങ്ങളുടെ കണക്കുപുസ്തകത്തില്‍ സങ്കലനവും വ്യവകലനവും നടത്തി വരവും ചെലവും കണക്കാക്കുമ്പോള്‍ മിച്ചം എന്ന കോളം എന്നും ശൂന്യം. അവസാന പത്തുകിലോ സ്വര്‍ണം കയറ്റുന്നവരുടെ കാരുണ്യം കൊണ്ടു നാട്ടിലേക്കു വിമാനം കയറുന്നും. വെറും കയ്യോടെ മടങ്ങുന്നവരുടെ മുഖത്തു മൗനം തുളുമ്പുകയായിരിക്കും. പെയ്യാതെ കനംവച്ച മഴമേഘങ്ങള്‍ പോലെ, 'എന്തുകൊണ്ട് ഇങ്ങനെ'? എന്ന ചോദ്യത്തിന് ഉത്തരമില്ല. അല്ലെങ്കില്‍ ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കാനും ഉത്തരം കണ്ടെത്താനും സമയമില്ല എന്നതാണു വാസ്തവം. പലപ്പോഴും കുടുംബങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ മൗനം വായിലിട്ടു ചവച്ചു മുറുക്കാന്‍ തുപ്പി വെയിലത്ത് ഒറ്റയ്ക്കു നില്‍ക്കുന്ന ഈത്തപന മരംപോലെ മാറിനില്‍ക്കുകയാണു പലരും. മരുഭൂമിയിലെ ഇത്തരം പൂമരങ്ങള്‍ക്കു വസന്തമില്ല. തണലും തണുപ്പുമില്ല. നിറയെ ആത്മവേദനയുടെ മുരിക്കുകള്‍പോലെ മുള്‍മുനകള്‍ മാത്രം.

കാഫ്കയുടെ `മെറ്റമോര്‍ഫസിസ്` വായിക്കുമ്പോഴുണ്ടാകുന്ന ഐഡന്റിറ്റി ക്രൈസിസ് ഏറ്റവും കൂടുതല്‍ അനുഭവജന്യമാകുന്നതും ഈ മഹാനഗരിയിലാണ്. ഗ്രാമീണതയുടെ ശാലീനതയില്‍ പിച്ചവച്ചു വളര്‍ന്ന ഒരാള്‍ക്ക് ആ സാഹചര്യം ഒരുക്കിക്കൊടുക്കുന്ന സംസ്‌കാരവുമായി അഭേദ്യമായ ബന്ധമുണ്ടാകും. മാതൃത്വത്തിന്റെയും മുലകുടിയുടെയുമൊക്കെ ബന്ധമെന്ന് വേണമെങ്കില്‍ പറയാം. ഇങ്ങനെയുള്ളൊരു സംസാകാരത്തിന്റെ ചട്ടക്കൂടില്‍ നിന്ന് ഗ്രാമീണതയുടെ നിസ്സഹായതയുമായി നഗരത്തിന്റെ ബഹളങ്ങളിലേക്കു പറിച്ചുനടുമ്പോള്‍ തീക്ഷണമായ നഗരാനുഭവങ്ങളുടെ തീവ്രവമായ വികാരം അവനെ ആരുമല്ലാതാക്കിത്തീര്‍ക്കുകയാണ്. ഞാനാര് എന്ന ചോദ്യം സ്വയം ചോദിച്ചുപോകുന്ന അവസ്ഥ. ഈ അവസ്ഥയില്‍ കവിത്വത്തിന്റെ തളിരുകള്‍ ഹൃദയത്തില്‍ സൂക്ഷ്മമായി സ്പന്ദിക്കുമ്പോള്‍ കവിത എഴുതുന്നു. കഥകളുടെ കനലുകള്‍ കരളിലുള്ളവര്‍ അത് ഊതിത്തെളിക്കുന്നു. മറ്റുള്ളവര്‍ നിരന്തരമായ സഹധര്‍മിണിക്കും കുടുംബത്തിലേക്കും കത്തുകളെഴുതിയും ഇന്റര്‍നെറ്റിന്റെ വലകളില്‍ തൂങ്ങിയും സായൂജ്യമടയുന്നു. ഇവിടെ നഷ്ടപ്പെടുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങളുടെയും വിലയിരുത്തലുകളായിരിക്കും എല്ലാ എഴുത്തുകാരുടെയും പൊതുവിഷയം.

സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെപ്പോലും കാണാതെ വേപഥുപൂണ്ട മനസ്സുമായി അവധിയുടെ ദിനങ്ങളെത്താന്‍ കലണ്ടര്‍ കളങ്ങളില്‍ ചുവപ്പുപേനകൊണ്ടു നാളുകള്‍ തള്ളുന്നവര്‍ക്കു പരസ്പരം പറയാന്‍ പരിഭവങ്ങളും പ്രാരബ്ധങ്ങളും മാത്രം. ഇതൊക്കെ എത്രയോ തവണ പറഞ്ഞു പഴകിയതിനാല്‍ ഇന്ന് ഒരേ റൂമില്‍ താമസിക്കുന്ന ചെറുപ്പക്കാരുടെ ഇടയിലും മൗനത്തിന്റെ മരങ്ങള്‍ വളരുകയാണ്.

സങ്കീര്‍ണമായ ജീവിത സമസ്യങ്ങള്‍ക്ക് ഉത്തരം കാണാനാവാതെ തപ്പിത്തടഞ്ഞു തിരക്കുകള്‍ക്കിടയിലൂടെ നടന്നുപോകുന്ന സുഹൃത്തുക്കള്‍പോലും പാതയോരത്തു പരസ്പരം കാണുമ്പോള്‍ ഒന്നു പുഞ്ചിരിക്കാന്‍ മടിക്കുന്നു. ചുണ്ടത്തുപോലും നിഴലിക്കുന്ന മൗനം. അനുഭവങ്ങളവനെ അന്തര്‍മുഖനാക്കാന്‍ പഠിപ്പിക്കുന്നു. അങ്ങനെ ഒരു മുനിയെക്കൂടി നഗരത്തിനേകുകയാണ്. 'ദുബായ്ക്കാരനെന്ന മൌനി.

വിസ സമ്പാദിച്ചു വിദേശത്തേക്കു വിമാനം കയറുക എന്നത് ഒരു ഭാഗ്യമാണ്. ഇവിടെ മാന്യമായ ഒരു ജോലിക്കിട്ടുക എന്നത് അതിലേറെ ഭാഗ്യവും ഇങ്ങനെ ഭാഗ്യപരീക്ഷണങ്ങള്‍ക്കായി ബിരുദ സര്‍ട്ടിഫിക്കറ്റും അനുഭവസമ്പത്തും ഫയലിലൊതുക്കി പത്രത്താളുകളിലെ തൊഴിലവസരങ്ങളിലൂടെ നടന്ന് അടിയും അകവും തേഞ്ഞ ചെരിപ്പുമായി മുന്നില്‍ നില്‍ക്കുന്ന ഓരോ സുഹൃത്തിന്റെ മുന്നിലും നാം മൗനത്തിന്റെ ആല്‍മരമാവുന്നു. നിന്ന നില്‍പില്‍ തന്നെ വേരിറങ്ങി ഒരുപാടു നേരം പിന്നെ വന്നകാലത്തു താനനുഭവിക്കേണ്ടി വന്ന വിഷമങ്ങളുടെയും ത്യാഗങ്ങളുടെയും വലിയ ഡയറിക്കുറിപ്പുകള്‍ അവനായി തുറന്നുവയ്ക്കും. അടിതേഞ്ഞ അനുഭവങ്ങളുടെ ചെരിപ്പുകളും പാദമുദ്രകളേറ്റ ഉദ്യോഗങ്ങളുടെ ചവിട്ടുപടികളും വായിച്ചെടുത്ത് അവസാനം മുന്നിലെ കറങ്ങുന്ന കസേരയിലിരിക്കുന്ന സുഹൃത്തിന്റെ മുഖത്തേക്കു നോക്കുമ്പോള്‍ എസിക്കകത്തിരുന്നും അവന്‍ വിയര്‍ക്കുകയായിരിക്കും. പെട്രോ ഡോളറിന്റെ ഉഷ്ണഭൂമിയിലൂടെ ജീവിതം കൊണ്ടുനടക്കുന്നതിന്റെ വിയര്‍പ്പ് സുഹൃത്തിന്റെ ദേഹത്തും പടര്‍ന്നുകയറും. തിരിച്ചറിവുകളുടേതായ പുതിയ ഉണര്‍വില്‍ ഗതകാലത്തേയും വര്‍ത്തമാനകാലത്തെയും പുനപാരായണം ചെയ്യുകയാവും, സുഹുത്തുക്കളുടെ ശബ്ദായമാനമായ മൗനം.

ഭൂതകാലത്തിന്റെ സങ്കീര്‍ണാനുഭവങ്ങളെ വര്‍ത്തമാനകാലങ്ങളിലേക്ക് ആവാഹിക്കുമ്പോള്‍ പ്രകടമാകുന്ന യാഥാര്‍ത്ഥ്യമാണ് ഓരോ ഗള്‍ഫുകാരന്റെയും മൗനം.

ദുബായിക്കാരന്‍...


ദുബായ്‌...

വിസ്‌മയങ്ങളുടെ നഗരകാഴ്‌ചയില്‍ പാതിരാ പോലും പകലായി മാറുന്ന പറുദീസ...

പറഞ്ഞു കേള്‍ക്കുന്ന പെരുപ്പങ്ങളില്‍ ഒരിക്കലെങ്കിലും കാണാന്‍ കൊതിക്കുന്ന ഭൂമിയിലെ ഒരിടം...

ഇത്‌ ദുബായ്‌...

ഞാനും എന്നെ പോലുള്ള ലക്ഷക്കണക്കിന്‌ മലയാളികളും അന്തേവാസികളായി പാര്‍ക്കുന്ന ഒരിടത്താവളം.

ഗ്രൃഹാതുരത്വ സ്‌മരണകളുടെ നൈരന്തര്യങ്ങളില്‍ നാടും വീടും വിട്ടവരുടെ കൂട്ടായ്‌മയിലെ എന്നെ പോലുള്ള സാദാ മെമ്പറായ ഒരു ദുബായ്‌ക്കാരന്‌ പറയാന്‍ അനുഭവങ്ങളുടെ അടിയും അകവും തുന്നിയ ചെരിപ്പുകള്‍ പതിനേഴ്‌ വര്‍ഷം കാലില്‍ നടന്ന കഥകളുണ്ടാകും.

പാതിരാത്രിയുടെ കൂരിരുട്ടില്‍ തിളങ്ങുന്ന തിരയിളക്കത്തിന്റെ അതിരുകള്‍ക്കുള്ളില്‍ പാഞ്ഞു പോകുന്ന പത്തേമാരിയില്‍ കടലുപ്പിനോളം കണ്ണീരിന്റെ രുചിയറിഞ്ഞ ഒരു കൂട്ടം "പ്രവാസി"കള്‍ ഖോര്‍ഫുക്കാനിലെ തുറമുഖത്തിറങ്ങിയപ്പോള്‍ ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ "പ്രവാസി"യെന്ന ശബ്ദത്തിന്‌ പുതിയ വര്‍ത്തമാനങ്ങളുണ്ടായി. ഇന്ത്യന്‍ സ്റ്റാമ്പൊട്ടിച്ച കവറിനകത്ത്‌ നയാപൈസയുടെയും അണയുടെയും കണക്കുകളില്‍ സങ്കലന വ്യവകലനവുമായി രണ്ടറ്റവും പാഞ്ഞ്‌ ജീവിതത്തിന്റെ മരുഭൂമിയില്‍ ഒട്ടകം പോലെ അവര്‍ ഒരുപാട്‌ കിതച്ചു.

അങ്ങനെ ഈന്തപനയുടെ തണലില്‍ ദുബായിക്കാരന്‍ ഭൂജാതനായി...

കയ്യില്‍ പാനസോണിക്കിന്റെ ടേപ്പ്‌ റിക്കാര്‍ഡും, കീശയില്‍ പുറത്തേക്ക്‌ തുള്ളാന്‍ തള്ളി നില്‍ക്കുന്ന ത്രിബ്‌ള്‍ ഫൈവിന്റെ സിഗരറ്റും, കണ്ണിനു തണലായി മൂക്കിലുറപ്പിച്ച റയ്‌ബാന്റെ കൂളിംഗ്‌ ഗ്ലാസും, കടന്നു പോകുന്ന നടവഴികളിലൊക്കെ "ഒളിച്ചുവെച്ചാലും ഒളിഞ്ഞിരിക്കാത്ത" ജന്നത്തുല്‍ ഫിര്‍ദൗസിന്റെ പരിമളവും വാരി വിതറി നടന്നുപോകുന്ന ദുബായ്‌ക്കാരന്‌...

അതെ "ദുബായിക്കാരന്‍" എന്ന ലേബലിന്‌ അടയാള ചേരുവകള്‍ ഇത്രയും മതി.

എഴുപത്‌ കാലഘട്ടങ്ങളില്‍ ഇത്‌ എസ്‌.എ.ജമീലിന്റെ കത്തു പാട്ടുകളിലൂടെ അയല്‍പക്കത്ത്‌ ഇരു മൈക്കു കെട്ടലായിരുന്നു.

അന്ന്‌ പ്രവാസിയുടെ പ്രയാസങ്ങള്‍ക്ക്‌ ഒരു മേല്‍വിലാസമുണ്ടായിരുന്നു. ദേര അബ്രയ്‌ക്ക്‌ സമീപത്തെ തടിച്ചി ഇറാനിയുടെ ഔദാര്യത്തിന്റെ പേരായിരുന്നു ഖാദര്‍ ഹോട്ടല്‍. ദുബായില്‍ ജോലി തേടിയെത്തുന്ന നിരാലംബരുടെ അത്താണിയായ "ഷൈക്കാ"യിരുന്നു ഹോട്ടല്‍ മുതലാളിയായ ഖാദര്‍. ബോംബെ എയര്‍പോര്‍ട്ടില്‍ നിന്നും "പാസ്‌പോര്‍ട്ട്‌", "വിസ", "അക്കാമ" തുടങ്ങിയ കാണാപഠിക്കുന്ന പദങ്ങളുടെ കൂട്ടത്തിലൊന്നായിരുന്നു "ഖാദര്‍ ഹോട്ടല്‍". അന്നത്തെ ഖാദര്‍ ഹോട്ടലിന്റെ ഔദാര്യങ്ങളുടെ അടയാളങ്ങളാണ്‌ ഇന്ന്‌ നിരന്തരം പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അരിവിതരണത്തിന്റെയും, ക്ലബ്ബുല്‍ഘാടനത്തിന്റെയും സീരിയലുകളിലെ നായകന്‍മാരായ മുതലാളിമാര്‍.

കടന്നു പോയ കാലങ്ങളും, നടന്നുപോയ വഴികളും ജി.പി.ആര്‍.എസിന്റെയും, ഗൂഗിള്‍ എര്‍ത്തിന്റെയും സഹായത്തില്‍ കണ്ടുപിടിക്കാന്‍ പാടുപെടുമ്പോള്‍ കണ്ടെത്തിയ "പാനിസി"ന്റെ അര്‍ത്ഥമറിയാതെ ഇരുട്ടില്‍ തപ്പുന്ന പുതിയ തലമുറ. എണ്ണ കിണറില്‍ നിന്നും ദിര്‍ഹം കുഴിച്ചെടുക്കുന്ന അധ്വാനത്തിന്റെ റിഗ്ഗുകളിലെ വിയര്‍പ്പിന്‌ തീ പിടിക്കുന്നതവരറിയുന്നില്ല. ആ തീയുടെ കരുവാളിപ്പാണ്‌ ദുബായിക്കാരനായ പിതാവിന്റെ മുഖത്തെ കറുപ്പെന്നതും അവര്‍ മറന്നുപോകുന്നു.

പ്രണയിനിയുടെ എഴുത്തിലെ ജിജ്ഞാസകള്‍ ക്ലാസുമുറികളില്‍ കാല്‍പനികതയുടെ തേനും പുരട്ടി വില്യം വേര്‍ഡ്‌സ്‌ വര്‍ത്തിന്റെ കവിതകളിലൂടെ അയവിറക്കുന്ന നമ്മുടെ പിള്ളേര്‍, പ്രാരാബ്ദത്തിന്റെയും, വിരഹത്തിന്റെയും കണ്ണൂനീരില്‍ കുതിര്‍ന്ന ഹൃദയാക്ഷരങ്ങളുടെ എയര്‍മെയിലുകള്‍ കടല്‍ കടന്ന കാലത്ത്‌ വയസ്സന്‍ വേഴാമ്പലിനെ പോലെ ഉമ്മറപ്പടിയില്‍ കത്തു കാത്തിരുന്ന ഉമ്മയുടെ കണ്ണില്‍ ദൈന്യതയുടെ ചുവന്ന ധമനികളെഴുന്നു നില്‍ക്കുന്നത്‌ കാണുന്നില്ല...കാരണം ബ്ലാക്ക്‌ ബെറിയില്‍ നിന്നും പുതിയ ഇമൈല്‍ സന്ദേശത്തിന്റെ വൈബ്രേഷന്‍, ചെറിയൊരിളക്കം മതി ഭൂമിയുടെ മറ്റേ അറ്റത്തുനിന്നും ദുബായിക്കാരന്റെ ഹൃദയത്തുടിപ്പുകളൊന്നിവിടെ എത്താന്‍.

ലോകം ചുരുങ്ങി കൈകുമ്പിളിലെത്തിയപ്പോഴും ദുബായിക്കാരന്റെ വറുതികള്‍ക്കറുതിയില്ല.

ബാച്ചിലര്‍ കട്ടിലിന്റെ മുകള്‍തട്ടില്‍ "ഔന്നിത്യങ്ങളില്‍" അവനൊരു മൂലയ്‌ക്ക്‌ സ്വന്തം ലാപ്‌ടോപ്‌ തലയിണയാക്കി കിടന്നുറങ്ങുമ്പോള്‍ നാട്ടുവയലില്‍ ഞാറ്‌ നടുകയായിരുന്നവള്‍ നടവരമ്പില്‍ കയറി വന്നു "ഇമെയില്‍ വിലാസം" ചോദിക്കുന്ന സ്വപ്‌നത്തിന്റെ സുഖത്തില്‍ അവനൊന്ന്‌ പുഞ്ചിരിച്ചു.